Thursday, December 18, 2008

ഓണം 20008 – രണ്ടാം ഭാഗം.

ആറാം തംബുരാനിലെ ഡയലൊഗിനു അറം പറ്റിയതുപോലെയായി….രണ്ടാമത്തെയും മൂന്നാമത്തെയും ഒന്നും ഒഴിക്കേണ്ടി വന്നില്ല. അതിനു മുമ്പെത്തിയല്ലോ പോലീസ്.

സാധാരണ എതു ജീപ്പിന്റെ ശബ്ദം കേട്ടാലും തോമാസുകുട്ടി വിട്ടോടാ എന്ന ഡയലോഗ് കേട്ടു നമ്മൾ തിരിഞ്ഞു നോക്കുന്നതിനു മുമ്പ് മേപ്പുറം ശൂന്യമായിട്ടുണ്ടാകും. അങ്ങിനെ ജീപ്പിന്റെ ശബ്ദം കേട്ടു ഓടി വരുത്തി വെച്ച വിനകൾ ഒന്നും രണ്ടും പോസ്റ്റിൽ ഒതുങ്ങുതല്ല. അന്നു പക്ഷെ ജീപ്പിന്റെ ശബ്ദം അവിടെ ഇരുന്നിരുന്നവർക്കൊന്നും പിടികിട്ടിയില്ല.

മഴ തൊർന്നിട്ടിരിക്കുന്ന സമയമായതുകൊണ്ട് ചീവിടു മുതൽ മേലോട്ടുള്ള സകല ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ഗാനമേള ഒപ്പം ഇളയരാജയെ വെല്ലുന്ന ഓർക്കസ്ട്ട്രെഷനും കൂടിയാപ്പോഴാണെന്നു തോന്നുന്നു നമ്മുടെ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടു ഷിനുവിനുവിന്റെ വക ഡയലൊഗു വന്നത് “സനുചേട്ടാ അതു അംബാസ്സിഡറിന്റെ സൌഡാണു ആരും ഓടണ്ടാന്നേ”.

പറഞ്ഞു തീർന്നില്ല…ജീപ്പ് കിഴക്കോട്ടു തിരിച്ച് ലൈറ്റ് ഇട്ടു നിർത്തിയതും സന്മനസ്സുള്ളവർക്ക് സാമാധാനമെന്ന പടത്തിൽ ശ്രീനിവസൻ ജീപ്പിൽ നിന്നും ചാടിയിറങ്ങുന്ന സീനിനെ അനുസ്മരിച്ചു കൊണ്ട് എസ്സ്.ഐ ചാടി ഇറങ്ങി ഒപ്പം നാലു സാധാ പോലീസുകാരും. ഇറങ്ങിയ പാടെ എസ്സ്.ഐ പറഞ്ഞു “ആ‍രും ഒടണ്ടാ, ഞാനങ്ങട് വരാം.

ഓടാൻ എന്തെങ്കിലും സ്കോപ് ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ വീടെത്തിയേനേ. ഇതൊരു കൂട്ട് പെട്ട്രോമാക്സിന്റെ മുന്നിലകപെട്ട തവളകളെ പോലെ ലൈറ്റിൽ കണ്ണു മഞ്ഞളിച്ചു എനങ്ങാൻ പറ്റാത്ത പരുവമായില്ലേ! എസ്സ്.ഐ നടന്നടുത്തു വന്നിട്ടു ചോദ്യങ്ങൾ തുടങ്ങി.

എന്താടാ അവിടെ പരിപാടി?

ഒന്നുമില്ല സാറേ, ഒണമല്ലേ……

അതിനു?

ഞങ്ങൾ വെറുതെ…….. പൂക്കളമൊക്കെ ഇടാമെന്നു കരുതി….കൂടിയിരുന്നതാണു.

അപ്പോഴെക്കും രണ്ടു പോലീസുക്കാരു തറേമെക്ക് കയറി. “സാറേ ഇവിടെ പൂക്കളമൊന്നുമല്ല. നല്ല കുടിയാ….നാലഞ്ചാളും അഞ്ചു കുപ്പിയും”. എന്താണ്ടാ ഒരു കയ്യും കണക്കൊന്നുമില്ലേ? കുപ്പിയോണ്ട് ആണോടാ പൂക്കളമിടുന്ന്ത്?

അയ്യോ സാറേ ഞങ്ങൾക്കു മാത്രമുള്ളതല്ല ഇനിയും ആൾക്കാരു വരാനുണ്ട്, പിന്നെ നാളെത്തേക്കും കുടിയുള്ള സ്റ്റോക്കാണിത്. ഷിനു പറഞ്ഞു.

എസ്സ്.ഐ അങ്ങട് കയറി വന്നപ്പോൾ ആദ്യം കണ്ടത് ടപ്പടീനെയാണു. “നീ ആടിച്ചിട്ടുണ്ടടാ?“
ഇല്ല സാറേ!
ഊതടാ…
ഫൂ …ഫൂ..
ഇല്ലേ… അതെന്താ നീ അടിക്കാഞ്ഞത്?
പറ്റാണ്ടാണു…ഡോക്ട്ടർ പറഞ്ഞിട്ടുണ്ട്..അടിക്കരുതെന്ന്.
അടുത്തതു..പ്രസുവിന്റെ ഊഴമാണ്.. നിയോ?
ഇല്ല സാറെ, ഞാനിപ്പൊ എത്തിയതേയുള്ളു.. ഗ്ലാസെടുക്കാൻ സമയം കിട്ടിയില്ല!.
പിന്നീടു നാലുപേരോടും ചോദിക്കേണ്ടി വന്നില്ല അതിനു മുൻപ് ഓടുന്നത് കണ്ട് എസ്സ്.ഐ “എവിടേക്കാ?“
അല്ല ഞങ്ങൾ ജീപ്പിലേക്കാണു. ഞങ്ങളടിച്ചിട്ടുണ്ട്.
ങ്ങും..കേറിക്കോ.. പൊതുസ്ഥലത്തിരുന്നിട്ട് മദ്യപിക്കരുതെന്നു നിങ്ങൾക്കറിഞ്ഞു കൂടേ?
ഇക്കുറി ഉത്തരം നൽകിയത് സനുവണു: ഇത് അതിനു പൊതുസ്ഥലമൊന്നുമല്ല. സാറേ. എന്റെ വീടിന്റെ തറേമ്മെ ഇരുന്നിട്ടാണു ഞങ്ങൾ കുടിച്ചതു. പിന്നെ അതിന്റെ മുന്നിലൂടെ റോഡ് പോകുന്നത് എന്റെ കുറ്റമല്ലല്ലോ.

ഇനി മോൻ ഇവിടെയിരുന്നടിക്കണമെങ്കിൽ പറമ്പിനു ചുറ്റും മതിലോ, വേലിയോ ഒക്കെ കെട്ടീട്ടു മതി. ഇപ്പോ തത്ക്കാലം മൊബയിലൊക്കെ ഓഫാക്കി ജീപ്പിൽ കയറ്. എന്നിട്ടു ഡ്രൈവറോടായി എസ്സ്.ഐ പറഞ്ഞു താൻ ഇവരെ സ്റ്റേഷനിൽ ഇറക്കീട്ടു വാ കൂടെ ആ കുപ്പിം ഗ്ലാസും എടുത്തോ. അപ്പോഴേക്കും ഞങ്ങൾ വടക്കൊട്ടു നടക്കാം.

ഡ്രൈവറുടെ വക ഒരു കമ്മെന്റും: ഞാൻ ഡ്യൂട്ടിക്ക് ചേർന്ന അടുത്ത് ഇവിടെ നിന്നും രണ്ടു പേരെ പൊക്കിയിരുന്നു റോട്ടിലിരുന്നു കുടിച്ചതിനു. അതിനുള്ള ഉത്തരം അപ്പോൾ തന്നെ ജീപ്പിന്റെ പിന്നിൽ നിന്നും വന്നു. ഒന്നു എന്റെ അച്ഛനായിരുന്നു, ഒപ്പം ഷിനുവുമുണ്ടായിരിന്നു. ആരാ പറഞ്ഞാതെന്നു ഞാനെഴുതുന്നില്ല.

സ്ഥിരം നോട്ടപുള്ളിയായിരുന്നതിനാലും എന്നും കൈയോടെ പിടിക്കാറുള്ളതു കൊണ്ട് പോലിസുകാർക്ക് ബുദ്ധിമുട്ടോഴിവാക്കാൻ വേണ്ടി ഷിനു തന്റെ ബ്ലഡ് സാമ്പിൾ ടെസ്റ്റ് ചെയ്യ്ത റിസൾറ്റ് ഒരു ഫ്ലാഷ് ഡ്രൈവിലാക്കി കൂടെ കൊണ്ടു നടക്കുന്നതാണു നല്ലതെന്നു സനു അവനെ ഉപദേശിച്ചിരുന്നു. അത് അവൻ പ്രാവർത്തികമാക്കാത്ത് കൊണ്ട് ചാർജ്ജ് ഷീറ്റ് തയ്യാറാക്കാൻ ഇനിയിപ്പോൾ ഡോക്ട്ടറുടെ സർറ്റിഫിക്കെറ്റൊക്കെ വാങ്ങിട്ടു വേണം. അതിനു ഒരു പാടു സമയമെടുക്കും.

പോലീസ് ജീപ്പു സ്ഥലം വിട്ടതും റീയാലിറ്റി ഷോയുടെ സെമിഫൈനലിൽ നിന്നും ഔട്ടായ ടപ്പടിയും പ്രസുവും രാമേന്ദ്രനും ജ്യാമ്യത്തിനുള്ള അറേഞ്ജ്മന്റ്സ് ചെയ്യുന്നതൊടൊപ്പം എന്നെയും വിവരമറിയിച്ചു. ഞാനും ജോഷിയും അങ്ങിനെ തലനാരിഴ്ക്കു രക്ഷപെട്ട മറ്റു നാലു പേരും ജാമ്യത്തിനായി വാടാനപ്പള്ളി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പിടിച്ചത് പുലിയെയായതുകൊണ്ടു രാഷ്ട്രിയക്കാരൊക്കെ മിനിറ്റുകൾക്കുള്ളിൽ സ്റ്റേഷനിലെത്തി.

അതിന്റെ ഇടയ്ക്കു റിയാലിറ്റി ഷോയുടെ തത്സമയ വിവരണം കേട്ടു ഒരു നൊൻ-ആൾക്കഹോളിക് ബിയറും അടിച്ചു ഒന്നു വട്ടപാലം ചുറ്റി ഫിറ്റായി എന്ന സമാധാനത്തോടെ കിടന്നുറങ്ങാം എന്നു കരുതി സൌദിയിൽ നിന്നും വിളിച്ച ബാബു റിയാലിറ്റി ഷോ അമ്രത ടിവിയിലെ വനിതാരത്നം രണ്ടാം ഭാഗം പോലെ പോലീസെത്തി കൊളമാക്കിയെന്നറിഞ്ഞ് ഗൾഫിലുള്ള മറ്റു ഡിസ്റ്റൊൺഷ്യക്കാരെ മുഴുവൻ വിളിച്ചു ഫ്ലാഷ് ന്യുസ് കൊടുത്തു. അതുകൊണ്ട് പിന്നെ ഗൾഫ് കോളെടുക്കാൻ
രാമചന്ദ്രനെ നിയോഗിക്കേണ്ടിവന്നു. എല്ലാവർക്കും അറിയേണ്ടതു ഒന്നു മാത്രം സനു, ഷിനു, പിന്നെ ആരോക്കെ പെട്ടു?. ആ രണ്ടു പേരുകളും Default ആണെന്ന് ജയദേവപാപ്പൻ വരെ സമ്മതിച്ചു തന്നിട്ടുള്ളതാണു.

സ്റ്റേഷനിൽ ചെന്നപ്പോൾ ഏതാണ്ട് ദുബായിൽ ത്രിത്തല്ലൂർ സംഗമം വിളിച്ചു ചേർത്ത പോലെയുണ്ടു. ഇവിടെ നിന്നും ഓണത്തിനു ലീവിൽ ചെന്നിട്ടുള്ള ഒട്ടുമിക്ക പേരേയും അവിടെ കണ്ടുമുട്ടുവാൻ സാധിച്ചു. പലരേയും രണ്ടെണ്ണം വിട്ടതിനു കൊണ്ടുവന്നാതണെങ്കിൽ ബാക്കിയുള്ളവർ അവരെ ഇറക്കാനായി വന്നവരാണു. എന്തായാലും എസ്സ്.ഐയെ സമ്മതിച്ചു കൊടുക്കണം. ഞങ്ങൾ വളരേ ബുദ്ധിമുട്ടി വിളിച്ചിട്ടാണു ഇത്രയും പേരെ ദുബായിൽ സംഘടിപ്പിക്കാറ്. ഇവിടെ ഇപ്പോ ഒരോറ്റ ട്രിപ്പ് കൊണ്ടു ആൾ എല്ലാവരേയും സ്റ്റേഷനിലെത്തിച്ചല്ലോ. എന്തായാലും ത്രിത്തല്ലൂർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം വാടാനപ്പള്ളിയിൽ വെച്ചു പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു എന്നു ഒരു പ്രമേയം പാസ്സാക്കാൻ അവിടെ വെച്ചു തീരുമാനിക്കുകയുണ്ടായി.

രാഷ്ട്രീയ ഇടപെടലുകൾക്കൊന്നും എസ്സ്.ഐയെ കൃത്യനിർവഹണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചില്ല. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസു ചാർജ്ജ് ചെയ്തതിനു ശേഷമാണു എല്ലാവരേയും വിട്ടയച്ചതു. എസ്സ്.ഐക്കു രാത്രി ഒരു പന്ത്രണ്ട് മണിയോടെ വീട്ടിൽ പോകാൻ പറ്റിയെങ്കിലും പാവം പോലീസുക്കാരന്റെ ഓണം കൊളമായി. ഈ കൊണ്ടുവന്ന എല്ലാവരുടേയും ചാർജ് ഷീറ്റ് എഴുതി വരുമ്പോഴേക്കും ഒണം കഴിഞ്ഞ് ശ്രീ നാരായണ ജയന്തിയാവും. ഇതു ഇപ്പോ ആ സ്റ്റേഷനിൽ നിത്യ സംഭവമായ്തിനാൽ പോലീസുക്കാർക്കൊക്കെ എസ്സ്.ഐയെ വലിയ ഇഷ്ട്ടമാണു.

എന്തായാലും ആ പോപ്പറുകളോക്കെ എഴുതുവാൻ നിക്കാതെ എല്ലാ ഫോമിലും പേരും അഡ്ഡരസ്സും എഴുതി ഒപ്പിട്ടു കൊടുത്ത് ഞാങ്ങൾ സ്ഥലം കാലിയക്കാൻ തയ്യാറെടുക്കുമ്പോൾ രാഷ്ട്രീക്കാരും സനുവും പോലീസുക്കാരുമായി ഉണ്ടാക്കിയ കരാറിൽ നിയമ പ്രകാരം തന്നെ പൊട്ടിക്കാത്ത മൂന്നു കുപ്പി തിരിച്ചു തന്നു. സംഭവസ്ഥലത്തു നിന്നും നാലു കുപ്പി പൊട്ടിക്കാത്തതും, ഒന്നു പൊട്ടിച്ചതും പിന്നെ ഒരു ബിയറും കസ്റ്റടിയിൽ എടുത്തിരുന്നെങ്കിലും മജീഷ്യൻ മുതുകാടിനെ പോലും വെല്ലുന്ന തരത്തിൽ സ്റ്റേഷനിൽ എത്തിയപ്പോൾ അതു മൂന്നു കുപ്പിയായി മാറിയ വിവരം ഞാനപ്പോഴാണറിഞ്ഞത്. എന്തായാലും തിരിച്ചു കിട്ടിയ മൂന്നെണ്ണത്തിൽ നിന്നും ഒരെണ്ണം കൂടി നന്ദി സൂചകമായി പോലീസുക്കാർക്കു തന്നെ തിരിച്ചു കൊടുത്തിട്ടു ബാക്കി അപ്പോൾ തന്നെ തീർക്കുവനുള്ള ആവേശത്തിൽ വണ്ടി സ്റ്റർട്ടാക്കുമ്പോൾ പോലീസുകാരൻ മുന്നറീപ്പു തന്നു. “അതേ, ഇനി അവിടെ പോയി റോട്ടിലൊന്നും ഇരുന്നടിക്കണ്ട. ഒരു മണിക്ക് വീണ്ടും ഒരു റൌഡടിക്കാൻ തിരിച്ചു വരമെന്നു പറഞ്ഞിട്ടാണെത്രെ എസ്സ്.ഐ പോയിട്ടുള്ളത്”.

തിരിച്ചുവന്ന് വാശി തീർക്കാനയി നടു റോടിലിരുന്നു ബക്കിയുള്ള രണ്ടു കുപ്പിയും അടിച്ചു തീർത്തിട്ട് വീട്ടിലെത്തിയപ്പോൾ സമയം പുലർച്ച രണ്ടു മണി. ഇതോടു കൂടി തിരിവോണാഘോഷം പടിഞ്ഞാറു പുഴയുടെ തീരത്തേക്ക് മാറ്റി. തലേദിവസത്തെ സംഭവവികാസങ്ങൾ കാരണം പലരും തിരുവോണത്തിന്റെ അന്നു വീട്ടു തടങ്കലിലായി എന്നാണ` വിശ്വസിനീയ്മായ് കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞതു.

Sunday, November 30, 2008

Dear Terrorist: I am still alive; what can u do more…

Dear Terrorist: I am still alive; what can u do more…
Dear Politician: I am still alive; where were u….
I am still an Indian!!!!*

ഇതിൽ കുറഞ്ഞ വാക്കുകളിൽ എങ്ങിനെ ഇതിനെതിരെ പ്രതികരിക്കും. അറുപതിലേറെ മണിക്കൂർ ഇന്ത്യയെ വെറുമൊരു ജീവചവമാക്കി വെന്റിലേറ്ററിൽ ഇട്ട നരഭോജികളോടു ഇതിൽ കൂടുതൽ നാമെന്തു പറയും.

അതെ ഞാനിന്നും ജിവിചിരിക്കുന്നു. അതു ഒരു തീവ്രവദിയുടേയും ദയ കൊണ്ടല്ല.
ഒരു രാഷ്ട്രീയ കോമരങ്ങളുടേയും ദയയും സംരക്ഷണം കൊണ്ടല്ലത്.

സ്വന്തം ജീവൻ ബലി കൊടുത്ത് ഒരു രാജ്യത്തിന്റെ മാനത്തിനായി, അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി വെള്ളവും ഭക്ഷണവുമില്ലതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളുടെ രക്ഷാകവചമയതു നിങ്ങളാണെന്ന് ഞങ്ങളിന്നു തിരിച്ചറിയുന്നു. ഞങ്ങൾക്ക് സ്വൈരമായി ജീവിക്കാൻ വേണ്ടിയിട്ടാണ് നിങ്ങളുടെ നിണമൊഴുകിയതു. ഞങ്ങൾക്കു വേണ്ടി ത്യജിച്ച നിങ്ങളുടെ ജീവിതത്തിനു പകരം തരാൻ ഒരു പിടികണ്ണീർ പൂക്കൾ മാത്രയുള്ളു ഞങ്ങളുടെ കൈയിൽ.

അതു കൊണ്ടുതന്നെയാണു ഒറ്റ മകൻ നഷ്ട്ടപെട്ടപ്പൊഴും ഉണ്ണിക്രിഷ്ണനെന്ന ആ പിതാവു് സമനില കൈവിടാതെ പറഞ്ഞത് ഇത് എന്റെ നഷ്ട്ടമല്ല ഒരു രാജ്യത്തിന്റെ നഷ്ട്ടമാണെന്ന്. പിന്നെന്തിന്നു ഞാൻ കരയണം. ആ പിതാവിന്റെ കാൽക്കലെന്റെ കണ്ണീർ പ്രണാമം.

ഒരു കളിയിൽ ഒന്നു ശോഭിച്ചാൽ, ഒരു സൌന്ദര്യ മത്സരത്തിൽ സ്വന്തം മേനി അഴകു കാണിച്ചു കൈയടി വാങ്ങിയാൽ, അവർ വന്നിറങ്ങുന്ന വീമാന താവളം മുതൽ വീടുവരെ പൂചെണ്ടുകളുമായി അനുകമിക്കുന്ന നമ്മുടെ മന്ത്രി പുങ്കവന്മാരെയൊന്നും സന്ദീപിന്റെ മരണാന്തര ചടങ്ങുകളിലൊന്നും നമ്മുക്ക് കാണാൻ കഴിഞ്ഞില്ല. ഒരു സത്കർമ്മമല്ലേ അവരുടെ സാന്നിദ്ധ്യം കൊണ്ട് അത് നശിപ്പിക്കതിരുന്നതിനു ആരോടാണ് നന്ദി പറയേണ്ടത്…ഇന്നു ഈ ദുഷ്ട്ട രാഷ്ട്രീയ ശക്തികളെ കാണണ്ടയെന്നു പറയാനുള്ള തന്റേടം കാണിച്ച ആ പിതാവിന്റെ ഒരംശം ധൈര്യം നമ്മൾക്കില്ലാതെ പോയതിൽ ഞാൻ ലജ്ജിക്കുന്നു.

സ്വന്തം രാജ്യത്തിനെ ഒറ്റു കൊടുക്കുന്ന തീവ്രവാദികളുടെ കൂടെ നിന്നു വെടിയേറ്റു മരിച്ച മകന്റെ ശവശരീരം കാണണ്ട എന്നു പറഞ്ഞ അമ്മയുടെ വാക്കുകളിൽ നിഴലിച്ച രാജ്യ സ്നേഹത്തിന്റെ മങ്ങിയ നിറമല്ല ഇന്നു ഈ അച്ച്ഛന്റെ വക്കുകളിലുള്ളത്.

Terrorism have no face, but have an open agenda.
Politician have a face, but have a hidden agenda.*

*കടപ്പാടു്: NDTV

Thursday, November 20, 2008

ഡിസ്റ്റോൺഷ്യയുടെ 2008ലെ ഓണം. (ഓന്നാം ഭാഗം)


ഓണമെന്നു കേൾക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ മിന്നിമറയുന്ന ഒരുപാടു സങ്കല്പങൾ ഉണ്ടാവും. പൂക്കളം, ഒണകോടി, കൈകൊട്ടികളി, ഒണസദ്യ, അങ്ങിനെയുള്ള ഒരുപാടു പേജുകളിലേക്ക് ലിങ്ക് കൊടുക്കാൻ മാത്രമുള്ള ഓർമ്മകൾ കൈവശമുള്ളവരാണു നമ്മൾ മലയാളികളെന്ന് ആർക്കും സംശയമുണ്ടാവില്ല. ഈ നൊസ്റ്റാൾജിക്ക് ഇവെന്റ്സാണു എന്നെ എപ്പോഴും ഓണം ഒരു വക്കേഷൻ കാലമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. എന്റെ മക്കളുടേയും കെട്ട്യോളുടേയും ഒഴിവു തന്നെയാണു അതിന്റെ പിന്നിലെ ഡ്രൈവിങ്ങ് ഫോർസ്.

ഉത്രാടത്തിന്റ അന്നു ഉച്ചയോടെ ഇക്കുറിയും ഞാൻ നാട്ടിലെത്തി. നാട്ടിലെത്തിയാൽ ഞങ്ങളെല്ലാവരും (ഈ ഞങ്ങളെന്നു പറഞ്ഞാൽ ഡിസ്റ്റൊൺഷ്യ ക്ലബിന്റെ അംഗങ്ങളായിട്ടുള്ള പ്രവാസികൾ) നിർബന്ധമായും അരവിന്ദേട്ടന്റെ ചായപ്പിടികയും റാസിലാലിന്റെ കടയുമുൾപെടുന്ന ക്ലബ്ബ് പരിസരത്ത് നേരിട്ടെത്തി ഹാജർ രേഖപെടുത്തി പനിനീരു തെളിക്കാനുള്ള വഴിപാടായി ആയിരം രൂപ, പേരും നാളും പറഞ്ഞു രസീതാക്കണം. വെള്ളവും, ടച്ചിങ്സും, മറ്റു രംഗ സജ്ജികരണങ്ങളും ഒരുക്കുന്നതിൽ തനിക്ക് ഒരു എതിരാളിയില്ലന്നു സംശയലേശമന്യേ തെളിയിച്ചിട്ടുള്ള ഷിനു തന്നെയാണു സ്മോളിങിന്റെ സംഘാടക സമിതി പ്രെസിഡെന്റ് കം ട്രഷറർ.

അതിനു വേണ്ടി ഷിനുവിനെ സമീപിച്ചപ്പോഴാണു ഓണം പ്രമാണിച്ചു സനു നാട്ടിൽ വന്നിട്ടുള്ളതിനാൽ തത്ക്കാലത്തേക്ക് ബുക്കിങ്ങ് എടുക്കുന്നില്ലന്ന് അറിഞ്ഞത്. സനൂന്നു പറഞ്ഞാൽ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണു. അത്യാവശ്യം ഗുണ്ടായിസവും കള്ളു കുടിയൊക്കെയുണ്ടെങ്കിലും സത്യം പറയണമല്ലോ അതിന്റെ അഹംങ്കാരമൊന്നും അവനില്ല. ഡിസ്റ്റൊൺഷ്യ ക്ലബ്ബിന്റെ സ്ഥാപക നേതാവ്, ക്ലബ്ബിലെ അംഗങ്ങളുടെ സ്വഭാവത്തിനു അനുയോജ്യമായി നിഘണ്ടുവിലില്ലാത്ത (പ്രത്യേകിച്ചു ഒരു അർത്ഥവുമില്ലാത്ത) ഡിസ്റ്റൊൺഷ്യ എന്ന പേരു കണ്ടു പിടിക്കാനുള്ള മിടുക്ക് അവനുമാത്രമേയുള്ളു. അതു ക്ലബ്ബിലെ വെറും ഡിസ്റ്റൊൺഷ്യക്കാരായ ഞങ്ങളൊക്കെ രണ്ടെണ്ണം അടിക്കുമ്പോൾ അവനെ പറ്റി പറയുന്ന കമ്മെന്റുകളിൽ ഒന്നു മാത്രമാണു.

അവനു ഇതിലും തറയാവാൻ പറ്റുമെന്ന് എനിക്കു മനസ്സിലായത് ഇത്ര ചെറുപ്പത്തിലെ ദുബായിലെ ഒരു കമ്പനിയുടെ മിഡിലീസ്റ്റ് മാനേജരും പിന്നെ ഒരു കമ്പനിയുടെ ജനറൽ മാനേജറുമൊക്കെ ആയപ്പോളാണു്. അവൻ ഈ നിലയിലെത്തിയതു കൊണ്ട് നാട്ടുക്കാർക്കുണ്ടായ ഗുണം എന്താണെന്നു ചോദിച്ചാൽ നാട്ടിൽ വായിൽ നോട്ടത്തിൽ Phd എടുത്തിട്ടുള്ള ഒരുപാടെണ്ണത്തിനെ ഇവിടെ ദുബായിൽ കൊണ്ടു വന്നു ടൈയൊക്കെ കെട്ടിച്ചു സെയിത്സുമാൻ തൊട്ടു സൂപ്പർവൈസർ വരെ ആക്കി എന്നുള്ളതാണു്. ഇതു കൊണ്ട് നാടൊന്നു നന്നായെങ്കിലും ദുബായിൽ സുപ്പർമാർക്കറ്റിൽ മൊബൈൽ കൌണ്ടറിന്റെ മുന്നിൽ കൂടി കടന്നു പോകുന്ന ഞങ്ങളുടെ അടുത്തുള്ള പെൺകുട്ടികളൊക്കെ തിരിഞ്ഞുനോക്കി നടന്നിട്ടു ഒരോ റാക്കിലിടിച്ച് വരുത്തുന്ന അപകടങ്ങൾ കൂടി എന്നു മാത്രം. അല്ല അവരെ പറഞ്ഞിട്ടും കര്യമില്ല. നേരെ ചൊവ്വെ ഒരു പ്രേമലേഖനം പോലും എഴുതാൻ അറിയത്ത ഇവരൊക്കെ ടൈയും കളസവും ഒക്കെ ഇട്ടു എന്തു പണിയാണു ചെയ്യുന്നതെന്നറിയുനുള്ള ഒരു ആകാംഷ കൊണ്ട് തിരിഞ്ഞു നോക്കുന്നതണു അല്ലാതെ വെറെ ഒന്നും ചിന്തിക്കണ്ടാട്ടോ!!

സനു നാട്ടിലുള്ള സ്ഥിതിക്കു ഇന്നു രാത്രി മേപ്പുറത്ത് (റോഡ് മുകൾ ഭാഗത്തും വീടുകളൊക്കെ താഴത്തും ആയതു കൊണ്ട് ഞങ്ങൾ റോഡുള്ള് ഭാഗത്തിനെ മേപ്പുറം എന്നാണു പറയാറു) റിയാലിറ്റി ഷോയുടെ മിനിമം ഒരു റൌണ്ടിനുള്ള സ്കോപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ആരാണു എലിമിനേറ്റ് ആയതെന്നു പിറ്റേ ദിവസം കാലത്ത് അരവിന്ദേട്ടന്റെ ചായ പീടികയിൽ ഫ്ലേഷ് ന്യുസായി സ്ക്രൊൾ ചെയ്യപെടും. പിന്നെ ശരത്തിന്റേയും, ശ്രീകുട്ടന്റേയുമൊക്കെ റോൾ കാലത്തുതന്നെ ചായപീടികയിൽ എത്തുന്ന കരണവന്മാർ ഏറ്റെടുക്കുകയാണു പതിവു്.

രാത്രി കാക്കരിപ്പനൂട്ടി ആറാപ്പു വിളിച്ചതിനു ശേഷം ഞങ്ങൾ ഡിസ്റ്റൊൺഷ്യ ക്ലബ്ബ് പരിസരത്തെ ലക്ഷ്യമാക്കി നീങ്ങി. അങിനെ വട്ടം കൂടിയിരുന്നു ദുബായിലുള്ള മറ്റു കൂട്ടുകാരെയൊക്കെ കുറ്റം പറഞ്ഞു ഞാനൊരു പുണ്യാളനായി ഇരിക്കുക്കയായിരുന്നു. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ എപ്പോഴും രണ്ടു കട്ട കൂട്ടിയിട്ടു പിടിക്കുകയെന്നുള്ളത് നമ്മുടെ ഒരു ഹോബിയാണല്ലോ. പറയുന്നത് പ്രത്യേകിച്ചും ശ്രീകുമാറിനേയും, സുഷിയേയും, മനോജിനെയും, ടോളിനെയൊക്കെ പറ്റിയൊക്കെയാകുമ്പോൾ കേൾക്കുന്നവർക്കു ഒട്ടും അതിശയോക്തി തോന്നുമെന്ന പേടിയും വേണ്ട.

വെടി പാറഞ്ഞിരിക്കുന്നതിനിടക്കു സ്പോൺസരുടെ വരവറിയിച്ചു കൊണ്ട് അതാ പടിഞ്ഞാറു നിന്നും ഫോർഡ് ഐകോണിന്റെ ഹലോജൻ വെളിച്ചം കേറ്റം കയറി എത്തി. കാർ സൈഡാക്കി മൊതലിറങ്ങി. ഫണ്ട് ഖജാൻഞ്ചിയെ ഏൽ‌പ്പിച്ച് സ്പോൺസർ ഞങ്ങളുടെ കൂട്ടത്തിൽ കൂടി. ബീവറേജസ്സിൽ എന്താ പൂരമെന്നു വിചാരിച്ചിട്ടാ ഇഷ്ട്ടാ… തളിക്കുളം സ്കൂൾ ഗ്രൌൻഡിൽ പണ്ട് രാജീവ് ഗാന്ധി വന്നപ്പൊഴാണു ഞാൻ ഇതു പോലെ മുളയൊക്കെ കെട്ടി ആൾക്കാരെ നിയന്ത്രിക്കുന്നത് കണ്ടിട്ടുള്ളത്. ഷിനു സ്ഥിരം കസ്റ്റമറായതു കൊണ്ട് മാത്രമാണു ബീവറേജസ്സിൽ നിന്നും അന്നു സാധനം സംഘടിപ്പിക്കാൻ സാധിച്ചതു. ഷിനു വിസിറ്റിങ്ങ് വിസയിൽ ഗൾഫിലേക്കു പോന്ന അന്നു അവൻ സ്ഥിരമായി ചെല്ലാറുള്ള 8:15pmനു വാടാനപ്പള്ളി ബീവറേജ് രണ്ടു മിനിറ്റു നേരത്തെക്ക് ലൈറ്റ് ഓഫാക്കി മൌനം ആചരിച്ചു എന്നു നാട്ടിലൊക്കെ സംസാരമുണ്ട്. സത്യാവസ്ഥ എനിക്കറിയില്ലട്ടോ.

ആറ്റുകാൽ രാധാക്രഷ്ണന്റേയോ കാണിപ്പയൂരിന്റേയൊന്നും വാരഫലം ഞാൻ കേൾക്കാറില്ലെങ്കിലും ശ്രീമതി കാണാപാടമാക്കുന്നതു കൊണ്ട് വൈകീട്ടു ഇറങ്ങുമ്പോഴേ പറഞ്ഞു ഗുളികൻ അവിടേയും രാഹു മറ്റോടത്തും നിക്കുന്നതു കൊണ്ട് പോലീസ് പീഡനം, മാനഹാനി എന്നിവയിൽ നിന്നും തലനാരിഴക്കു രക്ഷപെടുമെന്നാണു ഈ വാരഫലം പറയുന്നത് അതുകൊണ്ടു ഒന്നു സൂക്ഷിച്ചോളൂട്ടോ എന്ന ശ്രീമതിയുടെ വാക്കിനു എന്നത്തേയും പോലെ പുല്ലു വില കൽ‌പ്പിച്ചിട്ടാണു വീട്ടിൽ നിന്നും ഇറങ്ങിയത്.

പോ‍ലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഡിസ്റ്റൊൺഷ്യക്ക് എന്നും രാമപുരത്തെ പോലീസ് സ്റ്റേഷനിൽ കീരിക്കാടൻ ജോസിനുള്ള സ്ഥാനമായിരുന്നത് കൊണ്ടു ഞങ്ങൾ ഒരു റിസ്ക്ക് എടുക്കണ്ടാന്നു കരുതി തൊട്ടടുത്തു തന്നെ സനു പണിയുന്ന വീടിന്റെ തറയിലേക്ക് മാറ്റി അന്നത്തെ റിയാലിറ്റി ഷോ. ഷിനു സാധനം വാങ്ങി വരുന്നതു വരെ കാത്തിരിക്കനുള്ള ക്ഷമയില്ലാത്തതിനാൽ തത്ക്കാലം രമേഷിന്റെ അവിടെ ബാക്കിയുണ്ടായിരുന്ന ഒൽഡ് അഡ്മിറലിൽ ഞങ്ങൾ തുടങ്ങി. നിപ്പനായി ഒരോന്നു വീശിയിരിക്കുന്നതിന്റെ ഇടക്കു ഷിനു നാലെണ്ണവുമായി പറന്നെത്തി.

ഓരോന്നു വിട്ടു ഒന്നു ഉഷാറായിവരുന്ന നേരത്താണു വീട്ടിൽ നിന്നും മൊബയിലിൽ ഒരു വിളി. ഗസ്റ്റ് ഉണ്ടു പോലും!!! കൊറ്റായി മുത്തിയമ്മയാണെ മൊബയിലിനെ മനസ്സിൽ പ്രാകി മറ്റുള്ളവരോടായി ആറാം തംബുരാൻ സ്റ്റ്യലിൽ പറഞ്ഞു മൂന്നാമത്തെത് ഒഴിച്ച് അതിൽ ഐസ്സ് അലിയുന്നതിനു മുമ്പ് ഞാനിങ്ങെത്താം….
തുടരണമെന്നുണ്ട്………..

Thursday, November 6, 2008

പേരിൽ എന്തിരിക്കുന്നു…….

ക്രിക്കെറ്റ് കളി തലക്ക് പിടിച്ചു നടന്നിരുന്ന കാലം. ഒരു ഇരുപതു കൊല്ലം ആയിക്കാണും.

ഇന്നു ലോക ക്രിക്കെറ്റിൽ Australiaക്കുള്ള സ്ഥാനമയിരുന്നു വാടാനപ്പള്ളി പഞ്ചായത്തിൽ റെഡ് സ്റ്റാർ ക്ലുബിനു അന്നു ഉണ്ടായിരുന്നത്. ടീമിൽ അഞ്ചാറു പേർ ഒരു വിതം നന്നായി കളിക്കുന്നവരും ബാക്കിയുള്ളവർ ബോളിനു കാശെടുക്കുന്നതു കൊണ്ട് ടീമിൽ സ്ഥാനാം കണ്ടെത്തുന്നവരുമായിരുന്നു. ആഴ്ച്ചയിൽ മുന്നു നാലു് വട്ടം പീടികയിൽ പോകാൻ ചേൻസു് കിട്ടിയിരുന്നതു ക്കൊണ്ട് എനിക്കു രണ്ടാമത്തെ വിഭാഗത്തിൽ കയറിപ്പറ്റാൻ സാധിക്കാറുണ്ട്.

അന്നും പതിവു് തെറ്റിക്കാതെ ഞാനും, ലംബൂവും, ബ്ലേഡും, പനക്കയും, വളവനും, മറ്റുള്ളവരും കൂടി ലുട്ടാപ്പി കുന്തത്തിന്മേലെ കയറി പായുന്നതു പോലെ തളികുളത്ത് ഒരു റ്റൂർണമെന്റിനു സൈക്ലിൽ വെച്ചു പിടിക്കുകയായിരുന്നു. പോക്കെറ്റ് മണീസിനു വലിയ ബുദ്ധിമുട്ടാണു. ആഴ്ച്ചയിൽ മുന്നു നാലു് പ്രാവിശ്യത്തിനേക്കാൾ കൂടുതൽ പീടികയിൽ പോകാനും അവസരം ലഭിക്കാറില്ല. അതു കൊണ്ട് സൈക്കിൾ തന്നെ ശരണം.

കീഴ്പോട്ടളന്നാലും മേപ്പോട്ടളന്നാലും ആകെ മൊത്തം 5 അടി 5 ഇഞ്ചിൽ താഴെ മാത്രം നീളമുള്ള സുധിയെ കുറിച്ചു പറയാൻ വിട്ടു പോയി. അന്നും… ഇന്നും സൌന്ദര്യ സംരക്ഷണം അവന്റെ വിക്ക്നെസ്സാണു കൂടെ പഞ്ചരയടി ഒരു ഹൊബിയും. കോളേജിൽ പഠിക്കുന്ന കാലത്തു കണ്ണു കെട്ടി വിട്ടാൽ പോലും മണും നോക്കി പെൺകുട്ടികളുടെ പേരു പറയാൻ മാത്രം കഴിവുള്ള ഒരേഒരാളെ അന്നു S.N. കോളേജിൽ പടിച്ചിരുന്നുള്ളു എന്നാണു പറയപ്പെട്ടിരുന്നതു് (കടപ്പാട്‌ സനുവിനോട്‌). പലരും തന്നെ സിനിമ നടൻ ദിലീപ് എന്നാണു വിളിക്കുന്നതെന്ന് അവൻ അവകാശപെട്ടിരുന്നെങ്കിലും അതു ഏഴരക്കൂട്ടത്തിലെ ദിലീപാണെന്നാണു ഞങളുടെ ഇടയിൽ പൊതുവേയുള്ള അടക്കം പറച്ചിൽ. അല്ല….. ഇനിയിപ്പോ കഷണ്ടിക്കു് ഗൾഫ് ഗേറ്റ് പോലെ അസൂയക്കു് വല്ല രൂപവും ഭാവവും മാറ്റാൻ കഴിയുന്ന എന്തേങ്കിലും കണ്ടു പിടിക്കുമ്പോൾ ഞങൾ മറിച്ചു ചിന്തിക്കാം. ഫെയർ & ലവ്വലിയിലുള്ള വിശ്വാസം നഷട്ടപ്പെട്ടു തുടങിയതു് കൊണ്ടായിരിക്കണം അന്നു കളിക്കാൻ വിളിച്ചിട്ടും അവൻ വന്നില്ല.

ഞങളുടെ മെയിൻ റോഡിലേക്കുള്ള പ്രയാണത്തിനിടെക്കു് എതിരെ വന്നിരുന്ന ഗർഭിണിയേയും ഭർത്താവിനേയും ശ്രദ്ധിക്കാൻ സാധിച്ചില്ല. സാധാരണ അങിനെ വരാൻ ഒരു വഴിയും ഇല്ലത്തതാണു. കാരണം വേറെ ഒന്നും അല്ല. ഒരു ഈർക്കിലിയിൽ സാരി ചുറ്റിയാൽ വരെ അതിനെ വെറുതെ വിടാത്ത ആളാണു പനക്ക. കഷ്ടകാലത്തിനെങാനും ഒരു പെണ്ണു വന്നു മുന്നിൽ പെട്ടാൽ അതിന്റെ ചോര മുഴുവൻ ഊറ്റി കുടിച്ചിട്ടേ വിടു. അന്നോക്കെ പ്രായമയ പെങ്കുട്ടികളുള്ള മാതാപിതാക്കൾക്ക് ഹർത്താലും, ബസ്സ് പണിമുടക്കൊ ഒന്നും പ്രശ്നമല്ലായിരുന്നു കാരണം ഞങളേപൊലെയുള്ള അഞ്ചാറു തണ്ടും തടിയുമുള്ള വായിനോക്കികൾ അവരെ ഒരു പോറലും ഏൽപ്പിക്കാതെ സ്ക്കൂളിൽ കൊണ്ടാക്കുയും തിരിച്ചു വീട്ടിൽ എത്തിക്കുകയും എന്ന ഡ്യൂട്ടി യാതൊരു മുടക്കവും ഇല്ലാതെ ചെയ്യതു പോന്നിരുന്നല്ലോ…. പ്രതിഫലമായിട്ടു ചിലപ്പോൾ തിരിച്ചു ഒരു ആക്കിയ ചിരിയെങ്കിലും കിട്ടിയാൽ അന്നത്തെ കാര്യം കുശാൽ. ഇന്നു ഇപ്പോ ജോലിക്കുപോകുന്നതിനു പോലും അത്ര ക്രത്യനിഷ്ഠ പാലിക്കാൻ സാധിച്ചിട്ടില്ല!!!!!

സുധി കളിക്കാൻ വരുന്നില്ല എന്ന വിഷയം ഒരു ചൂടേറിയ ചർച്ചയായതു കൊണ്ടായിരിക്കാം എതിരെ കടന്നു പോയ ദംമ്പതികളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അന്നു കേപ്റ്റ്ൻ കൂടിയായ ലംബു ഇനി ഞങളാരെങ്കിലും ടീമിൽ കയറി പറ്റാൻ വേണ്ടി അവനെ വിളിക്കാത്തതാണൊ എന്ന സംശയമുള്ളതുകൊണ്ട് അവന്റെ അഭിപ്രായം വളരെ കടുപ്പിച്ചു തന്നെ പറഞ്ഞു. “സുധീനെ ഞാൻ വിളിച്ചെങ്കിൽ വന്നേനെ. “

അതു അവന്റെ ജീവിത്തിന്റെ വ്ഴിതിരിവാകാൻ മാത്രം കെല്പുള്ള സുരേഷ് ഗോപി സ്റ്റ്യയിൽ ഡയലോഗായിരുന്നു എന്നു മനസ്സിലാക്കാൻ കളി കഴിഞ്ഞു തിരിച്ചു വരേണ്ടിവന്നു. ലുംബുവിനെ പറ്റി പറയാനാണെങ്കിൽ…..കുറച്ചോന്നുമല്ല..ഇപ്പോ തന്നെ പൊസ്റ്റിന്റെ നീളം കൂടി…അതുകൊണ്ട് അവനെ പറ്റി വിശദമായി ഒരു പൊസ്റ്റ് തന്നെ പീന്നിടു ഇടാം. അവന്റെ അച്ച്ഛൻ ഒരു പാവം പോലീസുകരനാണു. കാക്കി ഇട്ടാൽ ഏത് പാവപെട്ടവനും നെഞ്ചും തള്ളി മീശയും പിരിച്ചു് ഫുള്ള് സ്റ്റൊപിനു പകരം രണ്ടു തെറിയും പറയുന്ന സാധാരണ പോലീസാക്കി മാറ്റാൻ കഴിയുന്ന പോലീസ് ട്രയിനിങിനു പോലും അവന്റെ അച്ച്ഛനിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. വായയിൽ വിരലിട്ടാൽ വരെ കടിക്കാത്ത പ്രക്രതം. ഏതാണ്ട്‌ അങിനെ ഒക്കെ തന്നെയാണു അവന്റെ സ്വഭാവവും. ലംബു എന്ന പെരു് അന്വർത്ഥമാക്കുന്ന ശരീര പ്രക്രതം. ആറടി ഉയരമുണ്ടെങ്കിലും തലയ്ക്കകത്ത് വലിയ ആൾ താമസം ഇല്ല എന്നാണു മനോജിന്റേയും ശ്രീകുമാറിന്റേയും ഭാഷ്യം.

കളി കഴിഞ്ഞു വരുമ്പോൾ പൂമുഖത്ത് രണ്ടു പേരിരുന്നു അച്ച്ഛനുമായി സംസാരിക്കുന്നതു കണ്ടെങ്കിലും ഏപ്പോഴെത്തേയും പോലെ മുൻ വശത്ത് ആരെയെങ്കിലും കണ്ടാൽ നമ്മുടെ ഗ്രഹപ്രവേശം അടുക്കള വഴിയാക്കുന്ന പതിവു മാറ്റിയില്ല. അടുക്കള വഴി കയറിയതിന്റെ മെയിൻ ഉദ്ദേശം ലൈറ്റായിട്ടു ഒരു കിണ്ണം ചോറും ഇത്തിരി മീച്ചാറും കൂട്ടി ഒരു പിടുത്തം പിടിക്കാൻ വേണ്ടിയാണെന്ന് എടുത്ത് പറയണ്ട കാര്യം ഇല്ലല്ലോ..

അടുക്കളയിൽ കയറി അമ്മയുടെ “ബോഡി ലാങ്ഗേജിൽ” എന്തോ ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ലെന്ന് മനസ്സിലായി. അമ്മയെ ഒന്നു സോപ്പിട്ടു എന്താണു പ്രോബളം എന്ന് അറിയാൻ ശ്രമിക്കുന്നതിന്റെ ഇടയ്ക്ക് തന്നെ അച്ച്ഛന്റെ വിളി കേട്ടു.

“ടാ.. ഇവിടേക്കു വന്നേ“
“എന്തേ…!“
അവിടെ ഇരിക്കുന്ന രണ്ടു പേരെ ചൂണ്ടി അച്ച്ഛൻ ചോദിച്ചു.. നീ ഇവരെ അരിയോ?
“ങം..പാറൻ വൈദ്യരെ അറിയും.“
മറ്റാളെയോ?
“ഇല്ല.“
അപ്പോഴാണു അവൻ പാറൻ വൈദ്യരുടെ കൂടെയിരിക്കുന്ന ആളെ ശ്രദ്ധിച്ചതു തന്നെ. കണ്ടു പരിചയമില്ല. ഈ നാട്ടുകാരനൊന്നുമല്ല. ഒരു നല്ല കട്ട. സൽമാൻ ഖാന്റെ അത്രെ വരില്ലയെങ്കിലും നമ്മുടെ ഇന്ദ്രൻസിനേക്കാൾ ഭേദമാണു`.

അടുത്തത് അയാളുടെ വകയായി ചോദ്യം. “എന്നെ അറിയില്ലേ?”
“ഇല്ല.“
എന്നെ നീ കാലത്ത് കണ്ടില്ലേ?
“ങുഹും”
എന്റെ ഭാര്യയെ നീ അറിയും..
“ചേട്ടനെ തന്നെ അറിയില്ല. പിന്നെയല്ലേ ചേട്ടന്റെ ഭാര്യയെ”
“പേരു പറഞ്ഞാൽ നീ അറിയും…സുധീന!“
“ഇല്ലെന്നേ ഞാൻ അറിയില്ല.”
അപ്പോ കാലത്ത് ഞങളുടെ മുന്നീവെച്ചു നീ അല്ലേ പറഞ്ഞത് “സുധീന നീ വിളിച്ചെങ്കിൽ ഇറങി വന്നേനെ എന്നു!!!!

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന് സിനിമയിൽ ബോംബ് പൊട്ടിട്ട് ജഗതി എഴുന്നേറ്റു വരുന്ന സീനിനോട് സമാനമയിരുന്നു അവന്റെ അപ്പോഴത്തെ അവസ്ഥ.

ഇതിന്റെ തുടർച്ചയായി “സ്ത്രി” എന്ന മെഗാ പരമ്പരെയെ വെല്ലുന്ന സംഭവബഹുലമായ എപ്പിസോടുകൾ തന്നെ അരങെറുകയുണ്ടായി. അതു ഇനി എപ്പോഴെങ്കിലും പൊസ്റ്റു ചെയ്യാം.

എന്തായലും അവസാനം അവൻ ത്രിശ്ശൂരിൽ നിന്നും ബോംബേക്കുള്ള ട്രെയിനിൽ S2 റിസർവേഷൻ കമ്പാർട്ടുമെന്റിൽ പതിനേഴാം നമ്പർ സീറ്റു കണ്ടെത്തിയതോടെ കേരളത്തിൽ പാഠപുസ്തക വിവാദം അവസാനിച്ചതു പോലെ അങം ഇങം എത്താതെ ഞങളും ശുഭം എന്നെഴുതി ഈ വിവദം അവസാനിപ്പിച്ചു.